അടുക്കള നിർമ്മിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഏതൊരു വീടിന്റെയും പ്രധാന ഭാഗം അടുക്കളയാണ്. പുതുതായി അടുക്കള നിർമ്മിക്കുമ്പോഴും പുതുക്കി പണിയുമ്പോഴും ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.
ഏതൊരു വീടിന്റെയും പ്രധാന ഭാഗം എന്നു പറയാവുന്നയിടം അടുക്കളയാണ്. അടുക്കളയെ അണിയിച്ചൊരുക്കി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലാണിപ്പോൾ ഇന്റീരിയർ ഡെക്കറേഷനും മറ്റ് ക്രമീകരണങ്ങളും.
രണ്ട് കിച്ചനെങ്കിലും വേണമെന്ന മനോ ഭാവം അടുത്തിടെയായി കൂടുതലായി കണ്ടു വരുന്നുണ്ട്. ഒന്ന് ഗ്യാസ് കിച്ചനും മറ്റൊന്ന് ഡർട്ടി കിച്ചനും. വളരെ ഭംഗിയായി അലങ്കരിച്ചിട്ടുള്ള കിച്ചൻ ഉപയോഗത്തിനെക്കാളുപരി മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനാണ്. എന്നാൽ. ഡർട്ടി കിച്ചനിലാണ് ഭൂരിഭാഗം ജോലികളും നടക്കുന്നത്. ഇത്തരത്തിൽ രണ്ടു രീതിയിലുള്ള വേർതിരിവ് കിച്ചനിൽ ആവശ്യമുണ്ടോ എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് രണ്ട് കിച്ചൻ എന്ന ആശയത്തിൽ എത്തിച്ചേരാനുള്ള കാരണങ്ങളിലൊന്ന്. കിച്ചൻ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണമെന്നുള്ള മനോഭാവം ഉണ്ടാക്കിയെടുത്താൽ രണ്ട് അടുക്കളയുടെ ആവശ്യം വേണ്ടിവരില്ല. അതുകൊണ്ടുതന്നെ കിച്ചനിൽ വേണ്ടത് എന്തൊക്കെയാണെന്നും വേണ്ടാത്തത് എന്തൊക്കെയാണെന്നും തീരുമാനിച്ചതിനുശേഷം വേണം കിച്ചൻ എങ്ങനെയായിരിക്കണം എന്ന് പ്ലാൻ ചെയ്യേണ്ടതും മോടി കൂട്ടേണ്ടതും.
കിച്ചൻ വീട്ടമ്മയുടെ ചോയിസ്
കിച്ചൻ അണിയിച്ചൊരുക്കുന്നതിന് വിവിധ വസ്തുക്കൾ ലഭ്യമായ ഷോറൂമുകൾ ഇന്ന് പലയിടങ്ങളിലുമുണ്ട്. അതിൽ അവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശം ഗൃഹനാഥയ്ക്ക് വിട്ടുകൊടുക്കുകയാവും നല്ലത്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും അവരുടെ ശീലത്തിന് അനുയോജ്യമായവയും ഏതൊക്കെയെന്ന് നോക്കി തെരഞ്ഞെടുക്കുന്നതുകൊണ്ട് അവർക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. അല്ലാതെ കാണുന്നവരെക്കൊണ്ട് നല്ലതെന്ന് പറയിപ്പിക്കാൻ വേണ്ടി മാത്രമാവരുത് കിച്ചനിലേക്ക് ആവശ്യമായ അലങ്കാര വസ്തുക്കളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കൂട്ടേണ്ടത്. കിച്ചൻ ഷെൽഫിന്റെ വീതിയും ഉയരവും കിച്ചനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന വീട്ടമ്മയുടെ സൗകര്യം നോക്കിയാവണം ചിട്ടപ്പെടുത്തേണ്ടത്. അങ്ങനെ വരുമ്പോൾ സ്റ്റാന്റേർഡ് അടുക്കളയിൽ നിന്ന് ഒരുപരിധിവരെ കുറയാനും കൂടാനും പാടില്ല. പുതിയ അംഗങ്ങൾ വീട്ടിലെത്തുമ്പോൾ അവർക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള കിച്ചൻ ക്രമീകരണമായിരിക്കും എപ്പോഴും നല്ലത്.
ജോലിഭാരം കുറയ്ക്കാൻ വർക്കിങ്ങ് ട്രയാങ്കിൾ
കിച്ചൻ ഡിസൈൻ ചെയ്യുമ്പോൾ വർക്കിങ്ങ് ട്രയാങ്കിൾ എന്ന തത്ത്വം പാലിക്കാൻ ശ്രദ്ധിക്കണം. ഈ ത്രികോണത്തിൽ ഒരു ഭാഗത്താണ് അടുപ്പിന്റെ സ്ഥാനം. ഒരു ഭാഗം ഫ്രിഡ്‌ജിനും മറ്റൊരു ഭാഗം സിങ്കിനും വേണ്ടിയുള്ള സ്ഥാനങ്ങളാണ്. ഇവ മൂന്നും പരസ്പര പൂരകങ്ങളാണ്. എത്ര വലിപ്പമേറിയ കിച്ചൻ ആയാണെങ്കിലും ഇവ മൂന്നിന്റെയും അകലം കുറയുന്നതാണ് കിച്ചനിലെ ജോലി ലഘൂകരിക്കുന്നതിന് ഉത്തമം. ഇത് ശ്രദ്ധിക്കാതെ പണം അധികമായി ചെലവഴിച്ച് വലിയ കിച്ചൻ പണിത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് പണിയെടുക്കുന്നത് ജോലിഭാരവും അതോടൊപ്പം മടുപ്പും കൂട്ടുകയേ ഉള്ളൂ. അക്‌സസറികൾ തിരഞ്ഞെടുക്കുമ്പോൾ കിച്ചന്റെ ഷെൽഫിനകത്തേക്കുള്ള അക്സസറികൾ തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങളിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭംഗി നോക്കി വാങ്ങിക്കൂട്ടുന്നവയൊക്കെ ഇന്റീരിയറിന് അഴകു പകരാനേ ഉപകരിക്കൂ. പലപ്പോഴും ഇവ കൊണ്ടുള്ള ഉപയോഗം നടക്കില്ല. അപ്പോഴാണ് വൃത്തിയില്ലാത്ത സാധനങ്ങൾ കൈകാര്യം ചെയ്യാൻ മറ്റൊരു കിച്ചന്റെ ആവശ്യം വരുന്നത്. കിച്ചൻ ഒന്നേയുള്ളൂ എങ്കിലും അത് വൃത്തിയായി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ രണ്ട് കിച്ചന്റെ ആവശ്യമില്ല.
വിറകടുപ്പിന്റെ കാര്യക്ഷമത
ചിലരെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ വിറകടുപ്പ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. അങ്ങനെയുള്ളവർക്ക് വർക്ക് ഏരിയയിൽ അതിനുള്ള സംവിധാനം ഉണ്ടാക്കാം. വിറകു കത്തിക്കുന്ന അടുപ്പിന് കിച്ചനിൽ സ്ഥാനം നൽകിയാൽ പുകശല്യം കാരണം കിച്ചൻ ഇരുണ്ടുപോകും. പുകയില്ലാത്ത അടുപ്പ് വച്ചാൽ പുക ഉണ്ടാവില്ലെന്നും പുകക്കറ പിടിക്കില്ലെന്നുമാണ് ചിലരുടെ ധാരണ. പുകയില്ലാത്ത അടുപ്പിൽ നിന്ന് പുക തീരെ വരില്ലെന്ന് പലരും അവകാശപ്പെടുന്നുമുണ്ട്. എന്നാൽ, ഏത് അടുപ്പും ആദ്യം കത്തിക്കുമ്പോൾ അതിന്റെ ഉൾഭാഗം തണുത്തിരിക്കുന്നതിനാൽ കുറച്ചു പുക പുറത്തേക്കു വരും. അടുപ്പു കത്തി കുറച്ചു കഴിഞ്ഞ് അതിന്റെ ഉൾഭാഗം ചൂടാവുകയും ചെയ്യുമ്പോൾ പുക താനേ അപ്രത്യക്ഷമാവുകയും ചെയ്യും. സാധാരണ വിറകടുപ്പിനെ അപേക്ഷിച്ച് പുകയില്ലാത്ത അടുപ്പുകൾക്ക് പ്രവർത്തനക്ഷമത തീരെക്കുറവായിരിക്കും. പുകയില്ലാത്ത അടുപ്പുകളിൽ വിറക് കത്തുന്നത് അടുപ്പിന് മുകളിലെ പാത്രത്തിന്റെ ചുവട്ടിലേക്കല്ല. അത് മുഴുവൻ കുഴലിന്റെ ഭാഗത്തേക്കായിരിക്കും. അതുകൊണ്ടുതന്നെ, വിറക് പെട്ടെന്ന് കത്തിത്തീരും. പാത്രത്തിലെ വെള്ളം ചൂടാകുന്നത് വളരെ സാവധാനത്തിലുമായിരിക്കും. കുറച്ച് മാത്രം വിറക് കത്തിച്ച് പാത്രത്തിലുള്ള വെള്ളം വേഗത്തിൽ തിളയ്ക്കുന്ന രീതിയിൽ കാര്യക്ഷമതയുള്ള വിറകടുപ്പുകളാണ് നിർമ്മിക്കേണ്ടത്.
ഇലക്ട്രിക് ചിമ്മിനി
ആധുനിക വീടുകളുടെ കിച്ചനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇലക്ട്രിക് ചിമ്മിനി. കറികൾ പാകം ചെയ്യുമ്പോഴും വറുക്കുമ്പോഴും മുളകിന്റെയും മറ്റ് മസാലകളുടേയും മണം മൂക്കിലടിച്ച് ആളുകൾ തുമ്മുന്നത് പതിവാണ്. എന്നാൽ, ഇലക്ട്രിക് ചി മ്മിനി ഉണ്ടെങ്കിൽ അത്തരം മണവും ദുർഗന്ധവും നേരിട്ട് വലിച്ചെടുക്കുകയും കിച്ചനിലും വീട്ടിനുള്ളിലും വ്യാപിക്കാതെ പുറത്തേക്ക് കളയുകയും ചെയ്യും. എക്സ്ഹോസ്റ്റ് ഫാൻ ആണ് കിച്ചനിൽ ഉള്ളതെങ്കിൽ മണം മുഴുവൻ കിച്ചനിൽ വ്യാപിച്ച ശേഷമാണ് പുറത്തേക്കുകളയുന്നത്.
ഗ്യാസ് സിലണ്ടർ പുറത്ത്
ഗ്യാസ് സിലണ്ടർ കിച്ചനിൽ വയ്ക്കുന്നതിനേക്കാൾ പുറത്തുവയ്ക്കുന്നത് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നല്ലതാണ്. പുറത്തുവച്ച് കോപ്പർ ട്യൂബ് വഴി സ്റ്റൗവ്വിലേക്ക് എത്തിക്കുന്നതാണ് സുരക്ഷിതമായ മാർഗ്ഗം. ഏതെങ്കിലും കാരണത്താൽ സിലണ്ടറിൽ നിന്നും ഗ്യാസ് ലിക്കാകാൻ ഇടയായാൽ പുറത്തിരിക്കുന്നതിനാൽ കിച്ചൻ സുരക്ഷിതമായിരിക്കും.
അടുക്കളയും വാസ്‌തുവും
വാസ്തുശാസ്ത്രത്തിൽ കിച്ചന്റെ സ്ഥാനം വളരെയേറെ പ്രാധാന്യമർഹിക്കുന്നുണ്ട്. കേരളത്തിൽ കിച്ചന്റെ സ്ഥാനം പ്രധാനമായും കിഴക്കുവടക്ക് ഭാഗത്താണ്. എന്നാൽ. ചില സ്ഥലങ്ങളിൽ കിഴക്കുതെക്ക് ഭാഗത്തും കാണപ്പെടുന്നുണ്ട്. ഈ രണ്ട് സ്ഥാനങ്ങളും കിച്ചന് ഉത്തമമായാണ് കരുതുന്നത്. കിഴക്കുഭാഗത്തു നിന്നേല്ക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ അടുക്കളയെ ശുദ്ധീകരിക്കും എന്നുള്ളതാണ് പരക്കെ അംഗീകരിക്കുന്ന ശാസ്ത്രീയമായ കാര്യം. ഇന്റീരിയർ ഡെക്കറേഷൻ ചെയ്‌ത് ചെയ്ത് ഫ്രിഡ്ജിനെയും ഷെൽഫിനകത്താക്കുന്നത് അപകടകരമാണ്. ഫ്രിഡ്‌ജിന്റെ പിൻഭാഗം വായുസഞ്ചാരം ലഭിക്കുന്ന വിധം തുറന്നിരുന്നെങ്കിൽ മാത്രമേ ഫ്രിഡ്ജിന്റെ കാര്യക്ഷമത കൂടുകയുള്ളൂ. ചുരുക്കത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കിച്ചൻ വൃത്തിയായി സൂക്ഷിക്കാം. അതോടൊപ്പം കിച്ചനേയും അതിലെ പ്രവർത്തനങ്ങളെയും ലഘൂകരിക്കുകയും കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യാം.
What's Your Reaction?