ചൈനീസ് ആവിയിൽ വേവിച്ച മത്സ്യം ഉണ്ടാക്കിയാലോ

അത്താഴത്തിന് വളരെ എളുപ്പത്തിൽ തയ്യാറാക്കുവുന്ന ഒരു കിടിലൻ രുചികരമായ ഭക്ഷണമാണ് ചൈനീസ് സ്റ്റീം ഫിഷ്.

Apr 26, 2024 - 17:42
Apr 26, 2024 - 19:27
 0  33
ചൈനീസ് ആവിയിൽ വേവിച്ച മത്സ്യം ഉണ്ടാക്കിയാലോ
Chinese Steam Fish
Prep Time 6 min
Cook Time 15 min
Serving 1
Difficulty Easy

വളരെ ലളിതമാണ് എന്നാൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ രുചികരവുമായ ഒരു ചൈനീസ് വിഭവം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇത്തരത്തിൽ ആവിയിൽ വേവിച്ചെടുക്കുമ്പോൾ ഉണ്ടാകുന്നില്ല. ഒരു ദശ കട്ടിയുള്ള ഇടത്തരം വലിപ്പമുള്ള ഏത് മീനും മുഴുവനായി ഇവിടെ ഉപയോഗിക്കാം. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന വിഭവമാണ് ചൈനീസ് ആവിയിൽ വേവിച്ച മത്സ്യം. ഏത് തരത്തിലുള്ള സ്റ്റീമറും ഇവിടെ ആവിയിൽ വേവിക്കാനായി ഉപയോഗപ്പെടുത്താം.

മത്സ്യം നന്നായി കഴുകി വൃത്തിയാക്കി രണ്ടു വശത്തും വലിപ്പത്തിനനുസരിച്ച് വരകൾ ഇടുക. ഇത് എല്ലാ ഭാഗവും ഒരേ പോലെ വേവുന്നതിനും സോസ് എല്ലായിടത്തും എത്തുന്നതിനും സഹായിക്കും. മുള കൊണ്ടുള്ള സ്റ്റീമർ ഉപയോഗിക്കുകയാണെങ്കിൽ ഒരു പ്രകൃതി ദത്ത സ്വഭാവം കൈവരും. ഇനി ഇത് ആവിയിൽ വേവിക്കുന്നത് ഇഷ്ടം അല്ലെങ്കിൽ ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ചുട്ട് എടുക്കാവുന്നതാണ്.

ഒരു ഏഷ്യൻ വിഭവം നിങ്ങൾ ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും ഈ വിഭവം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇനി വേറെ ഒരു ടിപ്പ് പറഞ്ഞു തരാം. നിങ്ങൾ മത്സ്യം വിളമ്പുന്ന സമയത്ത് ടേബിളിൽ ഇരിക്കുന്ന മൂത്ത വ്യക്തിയുടെ അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ആളുടെ മുന്നിൽ മത്സ്യത്തിന്റെ തല ഇടതുഭാഗത്തേക്ക് വരുന്ന വിധത്തിൽ വിളമ്പുന്നതാണ് മര്യാദ. ഇനി ചൈനീസ് രീതിയിൽ ആണെങ്കിൽ മത്സ്യത്തിന്റെ തല വ്യക്തിയുടെ നേരെ ആകുന്നതാണ് മര്യാദ.

വിളമ്പുന്നതിന് തൊട്ടു മുമ്പു മാത്രം എണ്ണയും സോസും തയ്യാറാക്കി ഒഴിക്കുക. ഏറ്റവും ഫ്രഷ് മത്സ്യം തന്നെ ഉപയോഗിക്കുക. ലൈവ് ഫിഷ് ആണ് ചൈനക്കാർ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.

Ingredients

  • 1 ഇടത്തരം വലിപ്പമുള്ള ഫ്രഷ് ആയ ദശ കട്ടിയുള്ള മത്സ്യം
  • 1 തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞ ഇഞ്ചി
  • 3 അല്ലി വെളുത്തുള്ളി
  • 3 തണ്ട് സ്പ്രിങ് ഒനിയൻ നീളത്തിൽ അരിഞ്ഞത്
  • 3 ടേബ്ൾ സ്പൂൺ അധികം മണം ഇല്ലാത്ത സൺഫ്ലവർ പോലുള്ള ഓയിൽ
  • പാകത്തിന് ഉപ്പ്
  • 2 ടേബിൾ സ്പൂൺ ഓയിസ്റർ സോസ്
  • 4 ടേബിൾ സ്പൂൺ ലൈറ്റ് സോയ സോസ്
  • കാൽ കപ്പ് എള്ളെണ്ണ
  • ചെറിയ കഷ്ണം ശർക്കര

Nutritional Information

  • കലോറീസ്: 229
  • ഫാറ്റ്: 16.7g
  • കൊളസ്ട്രോൾ: 44mg
  • സോഡിയം: 548mg
  • പൊട്ടാസ്യം: 35mg
  • കാർബോഹൈഡ്രേറ്റ്: 1.2g
  • പ്രോട്ടീൻ: 17.2g

Directions

നന്നായി കഴുകി വൃത്തിയാക്കിയ മത്സ്യം വരഞ്ഞ് വയ്ക്കുക. തലയും വാലും കളയരുത്.
വിളമ്പാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ തന്നെയാണ് മത്സ്യം പാകം ചെയ്യേണ്ടത്.
പാത്രത്തിൽ മത്സ്യം വെച്ച് അൽപം ഉപ്പ്, ഒരു ടേബ്ൾ സ്പൂൺ സോയ സോസ്, ഒരു ടേബ്ൾ സ്പൂൺ ഓയിസ്റ്റർ സോസ് എന്നിവ തടവി പിടിപ്പിക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും സ്പ്രിങ് ഒനിയനും മീനിന്റെ അകത്തും പുറത്തും നിരത്തുക. 30 മിനിറ്റ് ഇങ്ങനെ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.
30 മിനിറ്റിനു ശേഷം മീൻ ആവി കയറ്റാം. ഒരു സ്റ്റീമർ വെച്ചോ അടി കട്ടിയുള്ള ചെമ്പിൽ വെള്ളം ഒഴിച്ച് ഒരു തട്ടു വെച്ച് അതിനു മുകളിൽ മീൻ വെച്ചോ ആവി കയറ്റാം. 8-10 മിനിറ്റ് മത്സ്യം ആവി കയറ്റുക.

വെന്ത ശേഷം സ്റ്റീമറിൽ നിന്ന് മത്സ്യം എടുത്ത് അതിലുള്ള വെള്ളം കളയാം. അധികമുള്ള വെള്ളം മാത്രം കളഞ്ഞാൽ മതിയാകും. ഇഞ്ചി മുതലായവ കളയരുത്.
ഒരു ചട്ടിയിൽ മൂന്ന് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കുക. ഒരു കഷണം ഇഞ്ചി നീളത്തിൽ അറിഞ്ഞതും രണ്ട് തണ്ടു സ്പ്രിങ് ഒനിയൻ നീളത്തിൽ അരിഞ്ഞതും മത്സ്യത്തിന്റെ മീതെ നിരത്തുക.
നല്ല ചൂടായ എണ്ണ ഉടനെ തന്നെ മത്സ്യത്തിന് മുകളിൽ ഒഴിക്കുക.
എണ്ണ ചൂടാക്കിയ ചട്ടിയിൽ തന്നെ സോസ് മിക്സിന് ആവശ്യമായ ചേരുവകൾ (ഓയിസ്റ്റർ സോസ്, ലൈറ്റ് സോയ സോസ്, എള്ളെണ്ണ, ശർക്കര) ചൂടാക്കി മത്സ്യത്തിന്റെ മീതെ ഒഴിക്കുക.
ചൂടോടെ തന്നെ വിളമ്പാം. ചൈനീസ് സ്റ്റിക്കീ റൈസിന്റെ കൂടെയാണ് സാധാരണ വിളമ്പാറ്

What's Your Reaction?

like

dislike

love

funny

angry

sad

wow

Nidheesh C V I'm Nidheesh C V, a versatile content creator and educational consultant based in Kerala, India. With a keen interest in education, career, technology, health, and entertainment, I strive to provide informative and engaging content through my writing, blogging, and vlogging. As the founder of Easy PSC, I've dedicated over a decade to guiding students toward their government job aspirations. My expertise in Kerala history and PSC exams is reflected in the books I have authored. Let's explore knowledge together!